ന്യൂഡൽഹി: ബുക്ക് ചെയ്ത ട്രെയിൻ റദ്ദായതിന് പിന്നാലെ വിദ്യാർത്ഥിക്ക് യാത്ര ചെയ്യാൻ ക്യാബ് ബുക്ക് ചെയ്ത് നൽകി ഇന്ത്യൻ റെയിൽവേ. ഗുജറാത്തിൽ നിന്നുള്ള വിദ്യാർത്ഥിക്കാണ് റെയിൽവേയിൽ നിന്നും ഇത്തരമൊരു സഹായം ലഭിച്ചത്. ഏകതാനഗറിൽ നിന്നും വഡോദരയിലേക്കുള്ള ട്രെയിൻ റദ്ദാക്കിയതോടെയാണ് സത്യം ഗദ്വി എന്ന വിദ്യാർത്ഥിക്ക് സഹായഹസ്തവുമായി റെയിൽവേ നേരിട്ടെത്തിയത്.
വഡോദരയിൽ എത്തിയതിന് ശേഷം ചെന്നൈയിലേക്ക് പോകാനായിരുന്നു സത്യം ലക്ഷ്യമിട്ടത്. ഇതോടെയാണ് വഡോദരയിലെത്തി ട്രെയിൻ കിട്ടുന്നതിന് വേണ്ടി യുവാവിന് ക്യാബ് ബുക്ക് ചെയ്ത് നൽകിയത്. മദ്രാസ് ഐഐടിയിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് സത്യം. മഴയിൽ ട്രാക്കുകൾ നശിച്ചതോടെയാണ് ട്രെയിൻ റദ്ദാക്കിയത്.
സത്യം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവച്ചത്. റെയിൽവേ അധികൃതരോട് നന്ദി അറിയിക്കുന്നുവെന്നും സത്യം പറയുന്നു. ‘ ഏകതാനഗറിലേയും വഡോദരയിലേയും റെയിൽവേ അധികാരികളോട് എന്റെ നന്ദി അറിയിക്കുകയാണ്. ഞാൻ ബുക്ക് ചെയ്ത ട്രെയിൻ 9.15ന് ഏകതാനഗറിൽ നിന്നും പുറപ്പെടേണ്ടതായിരുന്നു. എന്നാൽ പാളം ഒലിച്ചു പോയതോടെ അവസാന നിമിഷം ട്രെയിൻ റദ്ദാക്കി. പക്ഷേ അവിടുത്തെ ജീവനക്കാർ എനിക്കായി കാർ വാടകയ്ക്ക് എടുത്ത് നൽകി. തങ്ങളുടെ യാത്രക്കാർക്ക് അവർ എത്രത്തോളം പ്രാധാന്യം നൽകുന്നുവെന്ന് ഇതോടെ മനസിലായി. തന്നെ വഡോദരയിൽ എത്തിച്ച ഡ്രൈവർക്കും നന്ദി അറിയിക്കുന്നുവെന്ന്’ സത്യം പറയുന്നു.
Comments