പത്തനംതിട്ട: പത്തനംതിട്ടയിൽ പണം വെച്ച് ചീട്ട് കളിച്ച സംഘം പിടിയിൽ ഒരു പോലീസുകാരനടക്കം 12 പേരാണ് പിടിയിലായത്. ഇവരിൽ നിന്ന് 10,13,510 രൂപ പിടിച്ചെടുത്തു. പത്തനംതിട്ട കുമ്പനാട് നാഷ്ണൽ ക്ലബ്ബിലാണ് സംഭവം.
കൊല്ലം ചവറ സ്വദേശി അനൂപ് കൃഷ്ണനാണ് ചീട്ടുകളിയിൽ പിടിയിലായ പോലീസുകാരൻ. കേസിലെ ഒമ്പതാം പ്രതിയായ ഇയാൾ എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനാണ്. പിടിയിലായവർ ക്ലബ്ബിലെ അംഗങ്ങളും സ്ഥിരമായി ഇവിടെ ചീട്ട് കളിക്കുന്നവരുമാണ്.
ക്ലബ്ബിൽ പണം വെച്ചുള്ള ചീട്ട് കളിയും സംഘം ചേർന്നുള്ള മദ്യപാന കൂട്ടായ്മകളും പതിവായി നടക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. കുമ്പനാട്, കോഴഞ്ചേരി, പുല്ലാട്, തിരുവല്ല പ്രദേശങ്ങളിലുള്ള സമ്പന്നർ ആണ് ഇവിടെ അംഗങ്ങളെന്നാണ് വിവരം.
പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തിയത്.
വൈകുന്നേരം നാലരയോടെ എസ് പിയുടെ പ്രത്യേക സംഘവും കോയിപ്രം സി ഐ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായിട്ടായിരുന്നു റെയ്ഡ് നടത്തിയത്.പരിശോധനാസമയം മുഴുവൻ എസ് പി വീഡിയോ കോളിലൂടെ നടപടികൾ നിരീക്ഷിച്ചിരുന്നു.
Comments