മലപ്പുറം: വടക്കൻ കേരളത്തിൽ മഴ ശക്തമായതോടെ അപകടഭീഷണി ഉയർത്തി നദികളുടെ ജലനിരപ്പ് ഉയരുന്നു. ഇതേ തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ നദികളുടെ തീരത്തുള്ളവർക്ക് കളക്ടർ ജാഗ്രതാ നിർദ്ദേശം നൽകി.
ഭാരതപ്പുഴയിൽ മുന്നറിയിപ്പ് ലെവലിനെക്കാൾ ജലനിരപ്പുള്ളതിനാൽ ഭാരതപ്പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അപകട ഭീഷണിയുള്ളവർ അടിയന്തിരമായി മാറിത്താമസിക്കണമെന്നും മലപ്പുറം ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ അറിയിച്ചു.തൂതപ്പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ തൂതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കളക്ടറുടെ നിർദ്ദേശമുണ്ട്.
കഴിഞ്ഞ നാല് ദിവസമായി വടക്കൻ കേരളത്തിൽ മഴ ശക്തമായി തുടരുകയാണ് ഇന്ന് മാത്രം 4 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. വടക്ക് കിഴക്കൻ അറബക്കടലിലെ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറിയതോടെ മലയോര തീരദേശ പ്രദേശങ്ങളടക്കം വെള്ളത്തിലായിരിക്കുകയാണ്.
ശക്തമായ മഴയിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലെ വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി വീണ് പലയിടത്തും ഗതാഗത തടസ്സം നേരിടുന്നുണ്ട്. കനത്ത മഴയെ തുടർന്ന് അട്ടപ്പാടി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Comments