ഡൽഹി: ഇസ്രായേലിലെ ഹൈഫ തുറമുഖം സ്വന്തമാക്കി ഇന്ത്യൻ ശതകോടീശ്വരനും വ്യവയായിയുമായ ഗൗതം അദാനി. ഇസ്രായേലിലെ ഏറ്റവും വലിയ രണ്ട് വാണിജ്യ തുറമുഖങ്ങളിൽ ഒന്നായ ഹൈഫ തുറമുഖം വാങ്ങാനുള്ള ലേലത്തിൽ അദാനി പോർട്ട്‌സും കെമിക്കൽസ് ആൻഡ് ലോജിസ്റ്റിക്‌സ് ഗ്രൂപ്പായ ഗാഡോട്ടും വിജയിച്ചിരിക്കുകയാണ്. 2054 വരെ തുറമുഖം ഗൗതം അദാനിയ്‌ക്ക് കൈവശം വെയ്‌ക്കാം.
2020 ജനുവരി മുതൽ ഇസ്രായേൽ ഗവൺമെന്റ് ഹൈഫ തുറമുഖം സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. 1.18 ബില്യൺ ഡോളറിനാണ് (ഏകദേശം 9,422 കോടി രൂപ) ഗൗതം അദാനി തുറമുഖം സ്വന്തമാക്കിയിരിക്കുന്നത്. ഇതിൽ 70 ശതമാനം ഓഹരി അദാനി പോർട്ട്സിന്റെയും 30 ശതമാനം ഓഹരി ഗാഡോട്ടിന്റേതുമാണ്.
ഇസ്രായേലിലെ ഹൈഫ തുറമുഖം സ്വകാര്യവൽക്കരിക്കുന്നതിനുള്ള ടെൻഡർ ഗാഡോട്ടിനൊപ്പം നേടിയതിൽ സന്തോഷം ട്വീറിലൂടെ ഗൗതം അദാനി പങ്കുവെച്ചു. ഇന്ത്യയുടെ തന്ത്രപ്രധാന വ്യാപാര പങ്കാളികളിലൊന്നായ ഇസ്രായേലിൽ വലിയ സാന്നിധ്യം ഉറപ്പിക്കാൻ പുതിയ കരാർ കമ്പനിക്ക് അവസരമൊരുക്കുമെന്ന് അദാനി പോർട്ട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ സിഇഒ ആയ കരൺ അദാനി പറയുന്നു.
ഇസ്രായേലിന്റെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഹൈഫ രാജ്യത്തെ ഏറ്റവും വലിയ രണ്ട് വാണിജ്യ തുറമുഖങ്ങളിൽ ഒന്നാണ്. കൂടാതെ ഇസ്രായേലിന്റെ കണ്ടെയ്നർ ചരക്കിന്റെ പകുതിയോളം കൈകാര്യം ചെയ്യുന്നതും ഈ തുറമുഖത്താണ്. ഇസ്രായേലിലെ മൂന്നാമത്തെ വലിയ നഗരമായ ഹൈഫ നഗരത്തിന് സമീപമാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്.
Comments