ഭോപ്പാൽ: മദ്ധ്യപ്രദേശ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ തകർപ്പൻ ജയം നേടി ബിജെപി. 11 മേയർ സ്ഥാനങ്ങളിൽ 5 എണ്ണവും ബിജെപി സ്വന്തമാക്കി. 2 ഇടങ്ങളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. കോൺഗ്രസിന് രണ്ടിടങ്ങളിൽ മാത്രമാണ് ജയം നേടാൻ സാധിച്ചത്. ഒരു സീറ്റിൽ ആം ആദ്മി പാർട്ടി വിജയിച്ചു.
ബുർഹാൻപൂർ, ഖാണ്ഡ്വ, സാത്ന, സാഗർ, ഉജ്ജൈൻ എന്നിവിടങ്ങളിലാണ് ബിജെപി ജയം നേടിയത്. ഭോപ്പാലിലും ഇൻഡോറിലും ബിജെപി മുന്നിട്ട് നിൽക്കുകയാണ്. ജബല്‍പൂർ, ചിന്ദ്വാര എന്നിവിടങ്ങളിലാണ് കോൺഗ്രസ് വിജയിച്ചത്. സിംഗ്രോളിയിലാണ് ആം ആദ്മി പാർട്ടിക്ക് വിജയം നേടാൻ സാധിച്ചത്.
മൗഗഞ്ച് മുനിസിപ്പാലിറ്റിയിലെ 9 വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. നാല് വാർഡുകളിൽ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വിജയം നേടാൻ സാധിച്ചത്. നീമച്ച് മുനിസിപ്പാലിയിലെ 40 വാർഡുകളിൽ 23 ഇടങ്ങളിലും ബിജെപി ജയം നേടി.
മദ്ധ്യപ്രദേശിലെ 11 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും 36 മുനിസിപ്പൽ കൗൺസിലുകളിലേക്കും 86 ടൗൺ കൗൺസിലുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 61 ശതമാനമായിരുന്നു പോളിംഗ്.
Comments