കൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുടെ നേതൃത്വത്തിലാകും യോഗം നടക്കുക. എഐഎഡിഎംകെ,ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികൾ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നീക്കം.
ശ്രീലങ്കയിൽ നിന്നുളള അഭയാർത്ഥി പ്രവാഹം അടക്കമുളള വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളിൽ കേന്ദ്രസർക്കാർ യോഗത്തിൽ അഭിപ്രായം തേടിയേക്കുമെന്നാണ് വിവരം. ഇതിന് പുറമെ നിലവിലെ സാഹചര്യത്തെക്കുറിച്ച് യോഗം ചർച്ച ചെയ്യും. അതേസമയം ലങ്കയിലെ ജനങ്ങളോടാണ് ഇന്ത്യയ്ക്ക് പ്രതിബദ്ധതയെന്നും ആഭ്യന്തര സംഘർഷങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ മുമ്പ് വ്യക്തമാക്കിയിരുന്നു.
ശ്രീലങ്കയിൽ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ട് നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. നിലവിലും സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുകയാണ്. ജനകീയ സർക്കാർ രൂപീകരണ ആവശ്യമുന്നയിച്ചാണ് പ്രക്ഷോഭം തുടരുന്നത്.ഭക്ഷ്യ- ഇന്ധന ക്ഷാമത്തിന് അടിയന്തര പരിഹാരമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
ബുധനാഴ്ചയാണ് ശ്രീലങ്കയിൽ പ്രസിഡൻറ് തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്നത്. ഇതിന്റെ ഭാഗമായി സർക്കാർ മന്ദിരങ്ങളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ വസതിക്ക് മുന്നിലും പ്രക്ഷോഭകർ പ്രതിഷേധവുമായി എത്തിയിരുന്നു. കൂടാതെ റെനിൽ വിക്രമസിംഗെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മന്ദിരത്തിൽ പ്രക്ഷോഭകരുടെ പ്രതിഷേധം തുടരുകയാണ്.
Comments