തിരുവനന്തപുരം: അരിയുൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയതിൽ പ്രധാനമന്ത്രിയ്‌ക്ക് കത്ത് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്ത് നൽകിയിരിക്കുന്നത്. അരിയ്‌ക്ക് ജിഎസ്ടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളവും ഉണ്ട്. എന്നാൽ വിമർശനം ഉയർന്നതോടെ പഴി കേന്ദ്രത്തിന് മുകളിൽ ചാർത്താനാണ് കേരളത്തിന്റെ ശ്രമം.
അരിയും ഗോതമ്പുമടക്കമുള്ള നിത്യോപയോഗ വസ്തുക്കൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയ നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്നാണ് കത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിന് ഇടയാക്കുന്ന ഈ തീരുമാനം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും. പലചരക്ക് കടകളിലും മറ്റും ചെറിയ അളവിൽ പാക്കറ്റുകളിലാക്കി വിൽക്കുന്ന വസ്തുക്കൾക്കാണ് ജി എസ് ടി മാനദണ്ഡം മാറ്റിയതിലൂടെ വില വർധിക്കുന്നത്. ഇത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
കടയിലെ തിരക്കു കുറയ്‌ക്കുന്നതിനും എളുപ്പത്തിൽ സാധനങ്ങൾ നൽകുന്നതിനുമായി ഭക്ഷ്യധാന്യങ്ങളുൾപ്പെട്ട അവശ്യവസ്തുക്കൾ പാക്കറ്റുകളിലാക്കി വയ്‌ക്കുന്നത് കേരളത്തിലെ ചെറു കടകളിൽ പോലുമുള്ള രീതിയാണ്. അതെല്ലാം ജി.എസ്.ടിക്ക് വിധേയമാക്കുന്നത് ഈ കടകളെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും എന്നതിൽ സംശയമില്ല. ഇത് അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാട് കേരളം നേരത്തേ തന്നെ കേന്ദ്ര സർക്കാറിനെ അറിയിച്ചിരുന്നു. നിത്യോപയോഗ വസ്തുക്കൾക്ക് വില വർദ്ധിക്കാൻ ഇടയാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും വിശദമായ പഠനത്തിന് ശേഷം മാത്രമേ ഏതു നടപടിയും സ്വീകരിക്കാവൂ എന്നും കേരളം ജി.എസ്. ടി യോഗങ്ങളിൽ വ്യക്തമാക്കിയതാണെന്നും കത്തിൽ പറയുന്നുണ്ട്.
നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് നാടിനെ സാമ്പത്തികമായും പ്രതികൂലമായി ബാധിക്കും. ഇതെല്ലാം കണക്കിലെടുത്ത് തീരുമാനം പുന:പരിശോധിക്കാൻ എത്രയും വേഗം ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
Comments