തിരുവനന്തപുരം: ഇ പി ജയരാജന് ഇൻഡിഗോ വിമാന വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ സൈബർ ആക്രമണങ്ങളും ട്രോൾ മഴയും സജീവം. ഇൻഡിഗോ വിമാന കമ്പനിയുടെ ഫേസ്ബുക്ക് പേജിൽ ഇന്നലെ മുതൽ രൂക്ഷമായ പ്രതികരണങ്ങളാണ് ഇടത് അനുഭാവികളുടെയും പ്രവർത്തകരുടെയും ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കമന്റുകളും മറുപടികളും സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രോളുകളുടെ പ്രളയം തീർക്കുകയാണ്.
അതിനിടെ, ഇൻഡിഗോ പെയിന്റ്സിന്റെ ഫേസ്ബുക്ക് പേജിലും ജയരാജൻ നിറഞ്ഞു നിൽക്കുകയാണ്. ഇൻഡിഗോ പെയിന്റ്സിനും അവരുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ച മഹേന്ദ്ര സിംഗ് ധോണിക്കും ഉൾപ്പെടെ ബഹിഷ്കരണം ഏർപ്പെടുത്തുകയാണ് സൈബർ സഖാക്കൾ. നിന്റെയൊക്കെ പെയിന്റും കുട്ടീം കോലും കളിയും കല്യാശേരി പഞ്ചായത്തിൽ നിരോധിച്ചിരിക്കുന്നു എന്നാണ് ധോണിക്കെതിരായ ഒരു കമന്റ്. ചിറ്റപ്പന് ഐക്യദാർഢ്യം; ബോയ്കോട്ട് ഇൻഡിഗോ, ബോയ്കോട്ട് ധോണി എന്ന മുദ്രാവാക്യങ്ങളും ഫേസ്ബുക്ക് പേജിൽ നിറയുന്നു.
ഇൻഡിഗോ പെയിന്റ്സിന്റെ പരസ്യ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന വരയൻ കുതിരയ്ക്കും രക്ഷയില്ല. റോഡിലെ സീബ്രാ ക്രോസിംഗിൽ പോലും ഇനി സഖാക്കൾ ചവിട്ടരുത് എന്നാണ് ഒരു ആഹ്വാനം. സഖാവിനെ വിലക്കിയ ബഹുരാഷ്ട്ര കുത്തക ബൂർഷ്വാസികളെ ബഹിഷ്കരിച്ച്, ഞങ്ങൾ കിണ്ടിഗോ (K-Indigo) വിമാന സർവീസും പെയിന്റ് കമ്പനിയും തുടങ്ങും എന്നും ചിലർ ഭീഷണിപ്പെടുത്തുന്നു.
Comments