ഭുവനേശ്വർ: രാഷ്ട്രതി തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന്റെ വിജയം ആഘോഷിക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ച് റായ്റംഗ്പൂർ ഗ്രാമവാസികൾ. ഫലപ്രഖ്യാപനത്തിന് ശേഷം വിതരണം ചെയ്യുന്നതിനുള്ള ലഡ്ഡുകൾ നിർമ്മിച്ചാണ് ഇവർ മുന്നൊരുക്കമാരംഭിച്ചത്. ദ്രൗപതി മുർമുവിന്റെ ജന്മദേശമാണ് റായ്റംഗ്പൂർ.
രാഷ്ട്രപതിയായി വിജയിക്കുന്ന ദ്രൗപതി മുർമുവിനുള്ള തങ്ങളുടെ സമ്മാനമാണ് ലഡ്ഡു എന്നാണ് പ്രദേശവാസികൾ പറയുന്നത്. രാജ്യത്തിന്റെ 15ാമത്തെ രാഷ്ട്രപതിയായി ദ്രൗപതി മുർമു തന്നെ വിജയിക്കുമെന്നും ഇവർ പറയുന്നു. പുരുഷൻമാരും സ്ത്രീകളം ഒരുപോലെ ലഡ്ഡുവും മറ്റ് മധുരപലഹാരങ്ങളും ഉണ്ടാക്കാൻ മുന്നിലുണ്ട്.
വ്യാഴാഴ്ച രാവിലെ മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. കോൺഗ്രസിന്റെ യശ്വന്ത് സിൻഹയാണ് ദ്രൗപതി മുർമുവിന്റെ എതിർ സ്ഥാനാർത്ഥി. ദ്രൗപദി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ റായ്റംഗപൂരും പ്രസിദ്ധമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്ന ആദ്യ ഗോത്ര വനിതയെന്ന അഭിമാന നേട്ടവുമായിട്ടാണ് ദ്രൗപദി മുർമു പുതിയ നിയോഗത്തിനായി തയ്യാറെടുക്കുന്നത്. ഒഡീഷയിലെ പിന്നാക്ക മേഖലയാണ് റായ്റംഗപൂർ. തങ്ങളുടെ പ്രിയപ്പെട്ട ദ്രൗപദി തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന മുഹൂർത്തത്തിനായി കാത്തിരിക്കുകയാണ് ഇവർ.
Comments