ന്യൂഡൽഹി:ജൂലൈ 24 ന് സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രയപ്പ് വിരുന്നൊരുക്കും. ന്യൂഡൽഹിയിലെ അശോക ഹോട്ടലിൽ 22 ന് വൈകിട്ട് 5 നാണ് പരിപാടി നടക്കുക.
ഇന്ത്യയുടെ 14-മത് രാഷ്ട്രപതിയായി 2017 ജൂലൈ 25 നാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ജൂലൈ 13 ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച നടന്നിരുന്നു. രാഷ്ട്രപതി കാലാവധി അവസാനിക്കുന്ന ജൂലൈ 24 ന് അദ്ദേഹം പദവി ഒഴിയും.
1994ൽ ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിൽ എത്തുന്നത്. 2006 മാർച്ച് വരെ 12 വർഷം തുടർച്ചയായി അദ്ദേഹം സഭയെ പ്രതിനിധീകരിച്ചു. 2015-2017 കാലഘട്ടത്തിൽ ബീഹാർ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്നു. ഡൽഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 16 വർഷത്തോളം അഭിഭാഷകനായി സേവനമനുഷ്ഠിച്ച പരിചയവുമുണ്ട് അദ്ദേഹത്തിന്.
രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു 25 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ഗോത്രവർഗ സമൂഹത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിക്ക് രാജ്യമൊന്നാകെ അഭിനന്ദനങ്ങൾ നേരുകയാണ്.
Comments