കൊച്ചി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് ആശംസകൾ നേർന്ന് നടിയും ട്രാൻസ് വുമണുമായ സുകന്യകൃഷ്ണ. ക്രിയാത്മകമായ, പുരോഗമനപരമായ ഒരു സംഭവമായിരുന്നുദ്രൗപതി മുർമുവിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിത്വമെന്നും ഒരു വലിയ മാറ്റം അവിടെ തുടങ്ങിയെന്നും അവർ പറഞ്ഞു.
ഒരിക്കൽ ഒരു ട്രാൻസ്ജെൻഡർ വ്യക്തിയും ഭാരതത്തിന്റെ രാഷ്ട്രപതി ആകും തന്റെ കൂടെപ്പിറപ്പുകൾക്ക് ആഗ്രഹിക്കാനും, സ്വപ്നം കാണാനും, ഉറപ്പിക്കാനും കഴിയുന്നത്ര വലിയ മാറ്റമാണ് ഇതെന്ന് സുകന്യ കൂട്ടിച്ചേർത്തു.ഫേസ്ബുക്കിലൂടെയാണ് നടി ആശംസകൾ നേർന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:
ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ശ്രീമതി ദ്രൗപദി മുർമു തിരഞ്ഞെടുക്കപ്പെടുമ്പോൾ അതിയായ സന്തോഷം.
പിന്നോക്ക വിഭാഗം, പിന്നോക്ക വർഗം എന്നൊക്കെ പേരിട്ട് പാർശ്വവത്കരിക്കപ്പെട്ട ധാരാളം സമൂഹങ്ങൾ നമ്മുടെ രാഷ്ട്രത്തിൽ ഇന്നുമുണ്ട്.
അത്തരം സമൂഹങ്ങളുടെയും വ്യക്തികളുടെയും ഉന്നമനം പലപ്പോഴും കടലാസിൽ മാത്രമൊതുങ്ങുന്ന പദ്ധതികൾ മാത്രമായി ചുരുങ്ങാറാണ് പതിവ്.
എന്നാൽ അതിൽ നിന്നൊക്കെ വിഭിന്നമായി, ക്രിയാത്മകമായ, പുരോഗമനപരമായ ഒരു സംഭവമായിരുന്നു ശ്രീമതി ദ്രൗപതി മുർമുവിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിത്വം. ഒരു വലിയ മാറ്റം അവിടെ തുടങ്ങി…
‘ഒരിക്കൽ ഒരു ട്രാൻസ്ജെൻഡർ വ്യക്തിയും ഭാരതത്തിന്റെ രാഷ്ട്രപതി ആകും…’ എന്ന് എനിക്കും എന്റെ കൂടെപ്പിറപ്പുകൾക്കും ആഗ്രഹിക്കാനും, സ്വപ്നം കാണാനും, ഉറപ്പിക്കാനും കഴിയുന്നത്ര വലിയ മാറ്റം.
സുകന്യ കൃഷ്ണ.
Comments