ന്യൂഡൽഹി: പുകവലിക്കുന്നതിനുള്ള പ്രായപരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി. പ്രായപരിധി 18 ൽ നിന്നും 21 ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. നിലവിൽ 18 വയസ്സിൽ താഴെയുള്ളവർ പുകവലിക്കുന്നതും, ഇവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതും രാജ്യത്ത് ശിക്ഷാർഹമാണ്.
പുകവലിക്കാനുള്ള പ്രായപരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജിയാണ് കോടതി മുൻപാകെ എത്തിയത്. അഭിഭാഷകരായ ശുഭം അശ്വസി, സപ്ത റിഷി മിശ്ര എന്നിവർ മുഖാന്തിരമായിരുന്നു ഹർജി സമർപ്പിച്ചത്. പുകവലിക്കാനുള്ള പ്രായപരിധി ഉയർത്താൻ ബന്ധപ്പെട്ട വൃത്തങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ഇതിന് പുറമേ വ്യാപാര സ്ഥലങ്ങളിൽ പുകവലിയ്ക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണമെന്നും ഇവർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എസ്കെ കൗളും സുദാൻശു ദുലിയയും ഉൾപ്പെടുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഹർജിക്കാരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടായിരുന്നു കോടതി ഹർജി തള്ളിയത്. പബ്ലിസിറ്റിയാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനായി നല്ല കേസുകളുമായി വരൂ എന്നായിരുന്നു കോടതി പറഞ്ഞത്.
Comments