മലപ്പുറം: ജനസേവന കേന്ദ്രത്തിന്റെ മറവിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടത്തിയ രണ്ട് പേർ പിടിയിൽ. മലപ്പുറം തിരൂരങ്ങാടിയിൽ നിന്നാണ് ഇരുവരും പിടിയിലായത്. ജനസേവന കേന്ദ്രത്തിന്റെയും പലച്ചരക്കുകടയുടെയും മറവിലായിരുന്നു സമാന്തര ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ചിരുന്നത്.
പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തിരൂരങ്ങാടി വെന്നിയൂരിലെ സേവന കേന്ദ്രത്തിലും അറയ്ക്കലിലെ പലച്ചരക്ക് കടയിലും അതിനോട് ചേർന്ന കെട്ടിടത്തിലും നടത്തിയ റെയ്ഡിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ചിന് വേണ്ട ഉപകരണങ്ങൾ പിടിച്ചെടുത്തു.
തെന്നല അറക്കൽ കുന്നാന്തറ മുഹമ്മദ് സുഹൈലും സഹായിയായ ചുള്ളിപ്പാറ കൊടക്കല്ല് സ്വദേശി ചെനക്കൽ നിയാസുദ്ദീനുമാണ് സംഭവത്തിൽ അറസ്റ്റിലായത്. 60-ഓളം സിം കാർഡുകൾ, രണ്ട് കമ്പ്യൂട്ടറുകൾ, രണ്ട് ലാപ്ടോപ്പുകൾ, മൂന്ന് സിം ബോക്സുകൾ, എട്ട് മൊബൈൽഫോണുകൾ എന്നിവ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ പരപ്പനങ്ങാടി ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Comments