കോട്ടയം: വൈക്കത്ത് പ്രദേശവാസികളെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ. വൈകീട്ടോടെയാണ് നായക്ക് പേ വിഷബാധയുള്ളതായുള്ള പരിശോധനാ ഫലം പുറത്തുവന്നത്. ഈ സാഹചര്യത്തിൽ കടിയേറ്റവരുമായി സമ്പർക്കം പുലർത്തിയവരോട് താലൂക്ക് ആശുപത്രിയിൽ എത്താൻ അധികൃതർ നിർദ്ദേശിച്ചു.
അഞ്ച് പേരെയാണ് തെരുവു നായ ആക്രമിച്ചത്. ഇതിന് പിന്നാലെ രാവിലെയോടെ നായ ചത്തിരുന്നു. നായക്ക് പേ വിഷബാധയുള്ളതായി സംശയം ഉണ്ടായിരുന്നു. ഇതേ തുടർന്ന് ജഡം തിരുവല്ലയിലേക്ക് ലാബിലേക്ക് അയച്ചിരുന്നു. ലാബിൽ പരിശോധിച്ചപ്പോഴാണ് പേ വിഷബാധയുള്ളതായി സ്ഥിരീകരിച്ചത്.
വൈക്കം കിഴക്കേ നട, തോട്ടുവക്കം എന്നിവിടങ്ങളിലുള്ളവർക്ക് നേരെയാണ് നായയുടെ ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പേ വിഷബാധയുള്ള നായ മറ്റ് നായക്കളെയും കടിച്ചെന്നാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് നഗരസഭ അറിയിച്ചു.
യാതൊരു പ്രകോപനവും ഇല്ലാതെയാണ് നായ ആക്രമിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടികൾ ഉൾപ്പെടെ പലരും ഓടി മാറി. ഓടുന്നതിനിടെ നിലത്ത് വീണവരെയാണ് നായ കടിച്ചത്.
Comments