മോസ്കോ : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം എല്ലാ അർത്ഥത്തിലും ഉയർത്താൻ മുർമു പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പുടിൻ പറഞ്ഞു.
”ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ബന്ധങ്ങൾക്ക് ഞങ്ങൾ വളരെയധികം പ്രാധാന്യം നൽകുന്നു. റഷ്യയും ഇന്ത്യയും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങൾക്കും വികസനത്തിനും രാഷ്ട്രത്തലവൻ എന്ന നിലയിൽ നിങ്ങളുടെ പ്രവർത്തനങ്ങൾ സഹായിക്കുമെന്നും, അന്താരാഷ്ട്ര സ്ഥിരതയ്ക്കും സുരക്ഷയ്ക്കും വേണ്ടി വിവിധ മേഖലകളിൽ ഉൽപ്പാദനപരമായ സഹകരണവും പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ എന്നും പുടിൻ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് വൻ ഭൂരിപക്ഷത്തോടെ ഇന്ത്യയുടെ രാഷ്ട്രപതിയായി ദ്രൗപദി മുർമു തിരഞ്ഞെടുക്കപ്പെട്ടത്. പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ട് നേടിയായിരുന്നു ഇവരുടെ വിജയം. 64 ശതമാനത്തിലധികം സാധുവായ വോട്ടുകൾ മുർമുവിന് നേടാൻ കഴിഞ്ഞിരുന്നു. വനവാസി വിഭാഗത്തിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി അവർ ചരിത്രം കുറിക്കുകയായിരുന്നു. ഉന്നത പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മുർമു ജൂലൈ 25ന് സത്യപ്രതിജ്ഞ ചൊല്ലി അധിരാത്തിലേറും.
Comments