കൊല്ലം: ദേശീയ അവാർഡ് ജേതാവ് സൂര്യയ്ക്ക് പിറന്നാൾ ആശംസ നേർന്ന് മുന്നിൽ ബലൂണും പോസ്റ്ററും കെട്ടി സർവ്വീസ് നടത്തിയ സ്വകാര്യ ബസ് പിടികൂടി. ഇന്നലെ രാവിലെ 10.30ന് കൊല്ലം നഗരത്തിൽ താലൂക്ക് കച്ചേരി ജംക്ഷനിലാണു സംഭവം. ചവറ കൊട്ടിയം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസാണ് സൂര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർ്ന്ന് പണി വാങ്ങിയത്.
ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിലാണു വാഹനത്തിൽ ബലൂണുകളും പോസ്റ്ററും പതിച്ചിരുന്നത്. വാഹനത്തിന്റെ ഇടത് ഭാഗം പൂർണ്ണമായും കാണാൻ സാധിക്കാത്ത രീതിയിലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കൊല്ലം സിറ്റി ട്രാഫിക് എസ്ഐ എം.ഷഹാലുദ്ദീൻ താലൂക്ക് കച്ചേരിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘത്തിന് നിർദ്ദേശം നൽകി, വാഹനം അവിടെ വെച്ച് പിടികൂടുകയായിരുന്നു.
തുടർന്ന് വാഹനത്തിന്റെ മുന്നിലെ ഗ്ലാസിൽ ഒട്ടിച്ചിരുന്ന പോസ്റ്ററും ബലൂണുകളും നീക്കി. അപകടകരമായ രീതിയിൽ സർവീസ് നടത്തിയതിന് പിഴയും ഇടാക്കി മുന്നറിയിപ്പും നൽകി വിട്ടയച്ചു.
Comments