ഹൈദരാബാദ്: സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കുത്തി കൊലപ്പെടുത്തി. ജൂലൈ 23 രാത്രിയിൽ ബീഗംപേട്ടിലാണ് സംഭവം നടന്നത്. റെസ്റ്റോറന്റിൽ പാചകക്കാരനായി ജോലി ചെയ്യുന്ന എബ്രഹാം ലിങ്കൺ (75) ആണ് കൊല്ലപ്പെട്ടത്. ഇയാൾ കുടുംബത്തോടൊപ്പം ബീഗംപേട്ടിലെ പട്ടിഗദ്ദയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി താമസിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
എബ്രഹാം ലിങ്കണിന്റെ രണ്ടാം ഭാര്യയുടെ മകനായ കിരൺ ആണ് കൊലപാതകം നടത്തിയത്. റസ്റ്റോറന്റിലേക്ക് പോകുന്ന വഴി സ്വത്ത് സംബന്ധമായ വിഷയങ്ങളിൽ പിതാവുമായി വഴക്കുണ്ടാകുകയായിരുന്നു. തുടർന്ന് യുവാവ് തന്റെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് എബ്രഹാമിനെ കുത്തുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മകൻ കിരണിനെ കണ്ടെത്താനായി അന്വേഷണം നടക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് തെലങ്കാനയിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ 17 വയസ്സുള്ള പെൺകുട്ടി സമാനമായ രീതിയിൽ പിതാവിനെ കൊലപ്പെടുത്തിരുന്നു. മഹബൂബാബാദ്ജില്ലയിലാണ് സംഭവം നടന്നത്.
Comments