ന്യൂഡൽഹി: ഭാരതത്തിന്റെ 15ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ദ്രൗപദി മുർമുവിന് ആശംസകളുമായി പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു ഇരുവരും മുർമുവിന് ആശംസകൾ നേർന്നത്. ഡൽഹിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രിയും അമിത് ഷായും മുർമുവിനൊപ്പമുണ്ടായിരുന്നു.
ഇന്ത്യയുടെ രാഷ്ട്രപതിയായുള്ള ദ്രൗപതി മുർമുവിന്റെ സത്യപ്രതിജ്ഞ രാജ്യം മുഴുവൻ അഭിമാനത്തോടെയാണ് കണ്ടതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാഷ്ട്രപതി സ്ഥാനം മുർമു ഏറ്റെടുത്തത് ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് പാവങ്ങൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും അപൂർവ്വ നിമിഷമാണ്. രാഷ്ട്രപതിയായുള്ള ഔദ്യോഗിക ജീവിതം ഫലപ്രദമാക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ദ്രൗപദി മുർമുവിന് അഭിനന്ദനങ്ങൾ. നിങ്ങളുടെ ഭരണകാലയളവിൽ ഇന്ത്യ പുതിയ ഉയരങ്ങളിലെത്തുമെന്ന് ഉറപ്പുണ്ട്. ഈ ചരിത്ര നിമിഷം ശാക്തീകരണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്- അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. മുർമു സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോയും ഇതിനൊപ്പം അമിത് ഷാ പങ്കുവെച്ചിട്ടുണ്ട്.
Comments