തിരുവനന്തപുരം: യുവതിയുടെ ലൈംഗീകാതിക്രമ പരാതിയിൽ സാഹിത്യകാരൻ സിവിക് ചന്ദ്രനെ ഉടൻ അറസ്റ്റുചെയ്യണമെന്ന് വിമൻ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി റൈഹാന സുധീർ. ദളിത് യുവതി നൽകിയ പരാതിയിൽ അറസ്റ്റ് വൈകുന്നത് പ്രതിഷേധാർഹമാണ്. സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകൻ, പ്രസാധകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയിൽ നിന്ന് ഇത്തരത്തിൽ മോശമായ അനുഭവമുണ്ടായത് അങ്ങേയറ്റം ഖേദകരമാണെന്നും റൈഹാന സുധീർ വ്യക്തമാക്കി.
സാധാരണക്കാർക്കെതിരായ പരാതിയിൽ ശരവേഗം നടപടികളെടുക്കുന്ന നിയമപാലകർ സമൂഹത്തിൽ സ്വാധീനമുള്ളവരും സമ്പന്നരും അറിയപ്പെടുന്നവരും പ്രതിപ്പട്ടികയിൽ വരുമ്പോൾ കാണിക്കുന്ന മെല്ലെപ്പോക്ക് നിയമവാഴ്ചയിലുള്ള വിശ്വാസം നഷ്ടപ്പെടാനിടയാക്കും. ഇത് ഗുരുതരമാണ്. നിയമവും നീതിയും നടപ്പാക്കുന്നിടത്ത് ഭരണകൂട സംവിധാനങ്ങൾ തുടരുന്ന വിവേചനം അവസാനിപ്പിക്കാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാവണമെന്നും റൈഹാന ആവശ്യപ്പെട്ടു.
സിവിക് ചന്ദ്രന്റെ അറസ്റ്റ് വൈകിപ്പിച്ച് സ്ത്രീ പീഡകർക്ക് പരവതാനി വിരിക്കുകയാണ്. ഈ നടപടി സർക്കാർ തിരുത്തണമെന്നും റൈഹാന സുധീർ വ്യക്തമാക്കി.
Comments