ന്യൂഡൽഹി: കേരളത്തിൽ നിന്നുൾപ്പെടെയുള്ള എംപിമാർക്ക് രാജ്യസഭയിൽ സസ്പെൻഷൻ. സഭയുടെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം മുഴക്കി നടപടികൾ തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് ഇവരെ സസ്പെൻഡ് ചെയ്തത്. 19 എംപിമാരാണ് നടപടിയ്ക്ക് വിധേയരായത്.
എ.എ റഹീം, വി.ശിവദാസ്, ഇ സന്തോഷ് കുമാർ എംപി എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട കേരളത്തിൽ നിന്നുള്ള എംപിമാർ. ഇവർക്ക് പുറമേ തൃണമൂൽ എംപിമാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഒരാഴ്ചത്തേക്ക് ആണ് സസ്പെൻഷൻ.
രാജ്യസഭയിൽ രാവിലെ മുതൽ തന്നെ പ്രതിപക്ഷ എംപിമാർ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതേ തുടർന്ന് സഭാ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ പിരിഞ്ഞ സഭ ഉച്ചയ്ക്ക് വീണ്ടും ചേർന്നിരുന്നു. അപ്പോഴാണ് എംപിമാർ മുദ്രാവാക്യം മുഴക്കി സഭയുടെ നടുത്തളത്തിൽ പ്രതിഷേധിച്ചത്. ഇതോടെ നടപടി സ്വീകരിക്കുകയായിരുന്നു. നിലവിൽ നാല് മണിവരെ സഭാ നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ലോക്സഭയിലും എംപിമാരെ സസ്പെൻഡ് ചെയ്തിരുന്നു. അനുമതിയില്ലാതെ പ്ലക്കാർഡുകൾ ഉയർത്തികാട്ടിയ കേരളത്തിൽ നിന്നുള്ള നാല് കോൺഗ്രസ് എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്.
Comments