പത്തനംതിട്ട : ജില്ലയിലെ വെട്ടിപ്പുറത്തെ വീട്ടിൽ നിന്നും തോക്കും വടിവാളും പിടിച്ചെടുത്തു. കഞ്ചാവ് കേസിലെ പ്രതിയായ ആനപ്പാറ സ്വദേശി നൗഫലിന്റെ വീട്ടിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയായ നൗഫൽ നിരവധി കഞ്ചാവ് കേസുകളിലും ക്രിമിനൽ കേസുകളിലെയും പ്രതിയാണ്. കുറച്ച് നാളുകളായി ഇയാൾ പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് പുറത്ത് പോയി തിരികെയെത്തിയ നൗഫലിന്റെ കൈവശം തോക്ക് ഉണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഒളിപ്പിച്ചിരുന്ന റിവോൾവറും ആറ് ബുള്ളറ്റുകളും വടിവാളും കത്തിയും പിടിച്ചെടുത്തു. പിടിച്ചെടുത്ത റിവോൾവർ ഇന്ത്യൻ നിർമ്മിതമാണ്.ഇവയ്ക്ക് പുറമെ ഗ്ലൗസുകൾ, മൂന്ന് ഹെൽമറ്റുകൾ, 12500 രൂപ എന്നിവയും കണ്ടെത്തി. അതേസമയം തോക്ക് കഞ്ചാവ് കടത്തുമ്പോൾ സ്വയം സംരക്ഷിക്കാനാണെന്നും, ഇത് ദില്ലിയിൽ നിന്നാണ് വാങ്ങിയതെന്നും പ്രാഥമിക ചോദ്യം ചെയ്യലിൽ നൗഫൽ പോലീസിനോട് പറഞ്ഞു. പ്രതിയെ പിടികൂടിയത് പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
Comments