കൊച്ചി: യുവാവ് ലഹരി ഉപയോഗിച്ചശേഷം ഓടിച്ച കാർ കൊച്ചി നഗരത്തിൽ അപകടത്തിലാക്കിയത് നിരവധി വാഹനങ്ങളെ. വൈകീട്ട് ആറരയോടെ ദേശീയപാതയിൽ ആലുവ മുട്ടത്ത് നിന്ന് ആരംഭിച്ച കാർ ചെയ്സ് തൃക്കാക്കര ക്ഷേത്രത്തിന് സമീപത്തെ പോസ്റ്റിൽ ഇടിച്ചതോടെയാണ് അവസാനിച്ചത്.
സംഭവത്തിൽ സീരിയൽ നടി അശ്വതി ബാബു,സുഹൃത്ത് നൗഫൽ എന്നിവരാണ് പിടിയിലായത്. അപകടത്തിന് പിന്നാലെ നടി മുങ്ങിയെങ്കിലും നാട്ടുകാർ നൽകിയ വിവരമനുസരിച്ച് അവരെ പിടികൂടുകയായിരുന്നു. വിവരങ്ങൾ ശേഖരിച്ച ശേഷം ഇരുവരെയും വിട്ടയച്ചു.
ഒരു കാറും നാല് ഇരുചക്രവാഹനങ്ങളുമാണ് മരണപ്പാച്ചിലിൽ ഇവർ ഇടിച്ച് തെറിപ്പിച്ചത്. ഇടിച്ചിട്ടും നിർത്താതെ പോയ ഇവരുടെ കാറിന് പിന്നാലെ മറ്റ് വാഹനങ്ങൾ പാഞ്ഞതോടെ പിന്നെ കൊച്ചിയിൽ ആക്ഷൻ സിനിമയെ വെല്ലുന്ന കാറുകൊണ്ടുള്ള അഭ്യാസമാണ് നടന്നത്. തൃക്കാക്കര ക്ഷേത്രത്തിന് സമീപമെത്തിയപ്പോൾ കാറിന്റെ ഒരു ടയർ പൊട്ടിയിരുന്നു. എന്നിട്ടും വാഹനവുമായി പോകാൻ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചത്.
ആലുവ മുതൽ തൃക്കാക്കര വരെ ആണ് മദ്യലഹരിയിൽ വാഹനമോടിച്ചത്. ഇയാൾ ഓടിച്ച കാർ മൂന്ന് ബൈക്കിലും കാറുകളിലും ഇടിച്ചു. തൃക്കാക്കരയിൽ പോസ്റ്റിൽ ഇടിച്ചാണ് വാഹനം നിന്നത്.
ഇതിന് മുൻപ് എംഡിഎംഎയുമായി ഇരുവരും പോലീസിന്റെ പിടിയിലായിരുന്നു. നടിയുടെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ലഹരിപാർട്ടികൾ നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇരുവരും അകത്തായത്. വളരെ ചുരുക്കം സീരിയലുകളിലാണ് മുഖം കാണിച്ചിട്ടുള്ളതെങ്കിലും നടിയെന്ന പേരിലാണ് പലരുമായും ബന്ധം സ്ഥാപിച്ചിരുന്നത്.
Comments