ന്യൂഡൽഹി: കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അവകാശം ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ബിജെപി. ആരും നിയമത്തിന് അതീതരല്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം കുറ്റക്കാരെ അറസ്റ്റ് ചെയ്യാൻ എൻഫോഴ്സ്മെന്റിന് അധികാരമുണ്ടെന്നാണ് സുപ്രീംകോടതി പറയുന്നത്. നിയമം അതിന്റെ വഴിക്ക് പോകുന്നു. കോൺഗ്രസ് പാർട്ടി ഒരു കുടുംബത്തെ മാത്രം നിയമത്തിന് മുകളിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഇത് വിലപ്പോവില്ല. രാജ്യത്തിന്റെ നിയമത്തെ നാം ബഹുമാനിച്ചേ മതിയാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ആരും നിയമത്തിന് മുകളിൽ അല്ലെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ് വ്യക്തമാക്കുന്നത് എന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയും വ്യക്തമാക്കി. വളർത്തുപട്ടിയാണെന്ന് പറഞ്ഞ് ചിലർ എൻഫോഴ്സ്മെന്റിനെ അധിക്ഷേപിച്ചിരുന്നു. ആരും നിയമത്തിന് അതീതരല്ലെന്ന് വ്യക്തമാക്കികൊണ്ടാണ് നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ. ഇഡിയുടെ അവകാശങ്ങളെ ശരിവെച്ച് കോടതി വിധിയിൽ അതിയായ സന്തോഷം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments