പത്തനംതിട്ട: നാലര വയസ്സുകാരിയെ പീഡിപ്പിച്ച 69 കാരൻ അറസ്റ്റിൽ. കൊടുമൺ സ്വദേശിയായ വിദ്യാധരനാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിയുടെ അയൽവാസിയാണ് വിദ്യാധരൻ. അക്ഷരം പഠിക്കാൻ സ്ഥിരമായി കുട്ടി ഇയാളുടെ വീട്ടിലേക്ക് പോകാറുണ്ടായിരുന്നു. ഇയാളുടെ ഭാര്യയാണ് കുട്ടിയെ അക്ഷരം പഠിപ്പിക്കാറ്. ഇതിനിടെ ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ഇക്കാര്യം വീട്ടിൽ പറഞ്ഞു. ഇതോടെ വീട്ടുകാർ കൊടുമൺ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ കഴിഞ്ഞ ദിവസം വൈകീട്ടോടെ പോലീസ് വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ മേൽനോട്ടത്തിലാണ് പരാതിയിൽ അന്വേഷണം നടന്നത്.
Comments