മംഗളൂരു: സുള്ള്യയിൽ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം നടത്തിയ പ്രതികൾ മലയാളികളെന്ന് സൂചന. അന്വേഷണത്തിനായി കർണാടക പോലീസിന്റെ പ്രത്യേക സംഘം കേരളത്തിലെത്തും. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി മംഗളൂരു എസ്പി വ്യക്തമാക്കി. കൊലപാതകികളെ എത്രയും വേഗം പിടികൂടുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കർണാടക പോലീസ് മേധാവി കേരള ഡിജിപിയോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലാണ് പ്രതികൾ എത്തിയതെന്ന് ആദ്യമേ സൂചന ലഭിച്ചിരുന്നു. ദൃക്സാക്ഷികളും ഇതേ മൊഴിയാണ് പോലീസിന് നൽകിയത്. ഇതോടെ പ്രതികൾ മലയാളികളാണെന്ന സൂചനയാണ് പോലീസ് നൽകുന്നത്.
പ്രതികളെ ട്രാക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നും കർണാടക പോലീസുമായി അടുത്ത വൃത്തങ്ങൾ നൽകുന്നു. എത്രയും വേഗം അറസ്റ്റ് ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയെ കർണാടക ഡിജിപിയും മംഗളൂരു എസ്പിയും അറിയിച്ചിരിക്കുന്നത്. കേരള പോലീസിന്റെ ഭാഗത്ത് നിന്ന് ഇതിനുള്ള സഹായങ്ങൾ ഉണ്ടാകണമെന്നാണ് കർണാടക ഡിജിപി കേരള ഡിജിപിയോട് ആവശ്യപ്പെട്ടത്.
Comments