എറണാകുളം : പെരുമ്പാവൂർ കീഴില്ലത്ത് വീട് ഇടിഞ്ഞ് താഴ്ന്ന് കുട്ടി മരിച്ചു. ഇരുനില വീടിന്റെ ഒരു നില പൂർണമായും ഇടിഞ്ഞു താഴുകയായിരുന്നു. പതിമൂന്നുകാരനായ ഹരിനാരായണനാണ് മരിച്ചത്. അപകടത്തെ തുടർന്ന് 85 വയസ്സുള്ള വൃദ്ധനടക്കം പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ ഏഴു മണിയോടെ വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞു താഴുകയായിരുന്നു.
അപകടം നടക്കുന്ന സമയത്ത് ഏഴ് പേർ വീട്ടിൽ ഉണ്ടായിരുന്നു. താഴത്തെ നിലയിൽ കിടന്നവരാണ് അപകടത്തിൽപ്പെട്ടത്. മുകൾ നിലയിൽ കഴിഞ്ഞവർക്ക് പരിക്കില്ല. താഴത്തെ നിലയുടെ ഒരു മീറ്റർ ഒഴികെ ബാക്കി ഭാഗം പൂർണമായും മണ്ണിനടിയിലാണ്.
നാരായണൻ നമ്പൂതിരിയുടെ മകൻ ഈശ്വരൻ നമ്പൂതിരി അടക്കം നാലുപേർ വീടിന് പുറത്തായിരുന്നു. മകൾ ദേവിക ഇരുനില വീടിന്റെ ടെറസിലും. അസാധാരണമായ ശബ്ദം കേട്ടാണ് നാലുപേരും വീടിന് പുറത്തേത്തിയത്.മൂന്നു ജെസിബി എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു ജെസിബി ഇടിഞ്ഞു താഴ്ന്ന വീടിന്റെ ബാക്കി ഭാഗം താങ്ങി നിർത്തിയ ശേഷമാണ് രക്ഷാ പ്രവർത്തനം നടത്തിയത്. നാരായണൻ നമ്പൂതിരി കട്ടിലിൽ കിടക്കുകയായിരുന്നെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു. സെറ്റിയിൽ ഇരിക്കുന്ന രീതിയിലുമായിരുന്നു ഹരി നാരായണന്റെ മൃതദേഹം കണ്ടെത്തിയത്.
Comments