തിരുവനന്തപുരം: സ്വന്തം പാർട്ടിയിലെ നേതാവിന്റെ പേരിൽ പിരിച്ചെടുത്ത ഫണ്ടിലും കയ്യിട്ടുവാരി ഡിവൈഎഫ്‌ഐ നേതാവ്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ഷഹിൻ ആണ് പണം തട്ടിയത്. അന്തരിച്ച ഡിവൈഎഫ്‌ഐ നേതാവ് പി.ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
ബിജുവിന്റെ ഓർമ്മയ്‌ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് റെഡ് കെയർ സെന്ററും, ആംബുലൻസ് സർവ്വീസും ആരംഭിക്കുന്നതിന് വേണ്ടിയാണ് ഫണ്ട് പിരിച്ചത്. ഒരു കൊല്ലം മുൻപ് ഇതിനായി 11 ലക്ഷം രൂപ പാളയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിരിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നും ആറ് ലക്ഷം രൂപ മാത്രമാണ് അന്നത്തെ പാളയം ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷഹിൻ മേൽ ഘടകത്തിന് കൈമാറിയത്. ബാക്കി അഞ്ച് ലക്ഷത്തിലധികം രൂപ ഇയാൾ കൈവശം സൂക്ഷിച്ചു.
ഇക്കഴിഞ്ഞ മേയ് മാസത്തിലായിരുന്നു സംഭവത്തിൽ ഷഹിനെതിരെ ആരോപണം ഉയർന്നത്. തുടർന്ന് പാളയം ഏരിയ കമ്മിറ്റി വിഷയം ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇയാൾ ഒരു ലക്ഷത്തോളം രൂപ തിരിച്ചടച്ചിട്ടുണ്ട്. സംഭവത്തിൽ ഷഹിനെതിരെ നടപടി സ്വീകരിക്കാനാണ് നിലവിൽ നേതൃത്വത്തിന്റെ തീരുമാനം.
Comments