കോട്ടയം : കോട്ടയം എംപി തോമസ് ചാഴിക്കാടന്റെ വീട്ടിൽ മോഷണശ്രമം. എംപിയുടെ എസ്.എച്ച്. മൗണ്ടിലുള്ള വീട്ടിലാണ് മോഷണ ശ്രമം നടന്നത്. വീടിന്റെ ജനൽചില്ലുകൾ തകർത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. എംപിയുടെ ഭാര്യ മാത്രം വീട്ടിലുണ്ടായിരുന്ന നേരത്ത് അക്രമി ജനലിന്റെ ചില്ല് തകർക്കുകയായിരുന്നു. ലൈറ്റ് ഓൺ ചെയ്തതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ശബ്ദം കേട്ടതോടെ പ്രദേശവാസികളുമെത്തി പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. പാന്റ്സും ഷർട്ടുമിട്ടയാളാണ് മോഷണശ്രമം നടത്തിയത് എന്നാണ് നിഗമനം. മോഷണം ശ്രമമല്ല, മറിച്ച് വീട് ആക്രമിക്കലായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറയുന്നു.
വിരൽ അടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിക്കഴിഞ്ഞു. സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Comments