തിരുവനന്തപുരം: യുഡിഎഫ് പരിപാടിയ്ക്കിടെ മുസ്ലീം ലീഗിന്റെ കൊടി കെട്ടാൻ എത്തിയ നേതാവിനോട് കോൺഗ്രസ് നേതാവ് അപമര്യാദയായി പെരുമാറിയതായി പരാതി. ലീഗ് നേതാവിനോട് കൊടി കൊണ്ടുപോയി പാകിസ്താനിൽ കെട്ടാൻ കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടതായാണ് പരാതി.
ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീറാണ് കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണനെതിരെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞദിവസം കഴക്കൂട്ടം ആറ്റിപ്രയിൽ യുഡിഎഫ് പരിപാടിയിലായിരുന്നു സംഭവം.
പരിപാടിയുടെ ഭാഗമായി മുസ്ലീംലീഗിന്റെ കൊടി പാർട്ടി ജില്ലാ കമ്മറ്റി അംഗം വെമ്പായം നാസറും പ്രവർത്തകരും ചേർന്ന് കെട്ടി കൊണ്ടിരിക്കെ അവിടെയെത്തിയ ഗോപാലകൃഷ്ണൻ കൊടി അഴിച്ച് മാറ്റി എന്നാണ് ആക്ഷേപം.
” ലീഗ് കൊടി കെട്ടാൻ തുടങ്ങിയപ്പോൾ ഓടിക്കോ, മുസ്ലീംലീഗിന്റെ കൊടിയൊന്നും ഇവിടെ കെട്ടരുത്, കൊണ്ട് പോടാ എന്ന് പറഞ്ഞു. ഞാൻ മുസ്ലീംലീഗ് യുഡിഎഫിന്റെ രണ്ടാമത്തെ ശക്തമായ ഘടകകക്ഷിയാണല്ലോയെന്ന് ചോദിച്ചു.””ഇതോടെ അത് മലപ്പുറത്ത് കൊണ്ട് പോയി കെട്ടെന്ന് പറഞ്ഞു. എന്താ ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോൾ അത്ര നിർബന്ധമുണ്ടെങ്കിൽ പാകിസ്താനിൽ പോടാ. പാകിസ്താനിൽ കൊണ്ട് പോയി കെട്ടെടാ എന്ന് പറഞ്ഞുവെന്ന് വെമ്പായം നസീർ ആരോപിച്ചു.
സംഭവത്തിൽ ലീഗ് ജില്ലാ കമ്മറ്റി അംഗം വെമ്പായം നാസർ കെപിസിസി പ്രസിഡൻറിന് പരാതി നൽകി.
Comments