കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 75 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ദുബായിൽനിന്ന് എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്.
കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിന്റെ ലഗേജിൽ എക്സോസ്റ്റ് ഫാനിന്റെ ആർമേച്ചറിനകത്തായി ഒളിപ്പിച്ച നിലയിലാണ് 578.69 ഗ്രാം സ്വർണം കണ്ടെടുത്തത്. ഭാരത്തിലുള്ള വ്യത്യാസം മൂലം സംശയം തോന്നിയപ്പോൾ കട്ടിങ് മെഷീന്റെ സഹായത്തോടെ പൊളിച്ചെടുക്കുകയായിരുന്നു. ഇതിനകത്ത് സ്വർണം ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
മറ്റൊരു യാത്രക്കാരനായ വടകര സ്വദേശി നാസറിൽ നിന്നും കണ്ടെടുത്ത 848.6 ഗ്രാം സ്വർണമിശ്രിതത്തിൽ നിന്നും 776.6 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. കള്ളക്കടത്ത് സംബന്ധിച്ച് കസ്റ്റംസ് അന്വേഷണവും തുടർ നടപടികളും പുരോഗമിക്കുകയാണ്.
Comments