ചെന്നൈ : ഐഎസ്ഐഎസുമായി ബന്ധം പുലർത്തുകയും തീവ്രവാദ സംഘടനയ്ക്ക് വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്ത യുവാവ് പിടിയിൽ. സേലത്ത് ജോലി ചെയ്യുന്ന ആഷിഖിനെ(24) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്റലിജൻസ് ബ്യൂറോയും ക്യൂ ബ്രാഞ്ചും ചേർന്ന് 10 മണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സേലം ടൗൺ പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഇറാഖിലെ ഐഎസ് ഭീകര സംഘടനയുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ആഷിഖ്, സേലത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഒരു വർഷമായി വിവിധ ആപ്ലിക്കേഷനുകളിലൂടെയാണ് ഐഎസിന് വിവരങ്ങൾ കൈമാറിയത്. ഇതിന് പ്രതിഫലമായി പ്രതിമാസം 30,000 രൂപയും കൈപ്പറ്റിയിരുന്നു.
ഇറാഖിലെ സുരക്ഷാ ഉദ്യോഗസ്ഥർ എന്ന പേരിലാണ് ഐഎസ് ഭീകരർ ആഷിഖിനെ സമീപിച്ചത്. തുടർന്ന് ഭീകര സംഘടനയിലെ അംഗങ്ങളാണെന്ന് വെളിപ്പെടുത്തി. യുദ്ധം ചെയ്യാനും അതിനായി പരിശീലനം നേടാനും ഇവർ ആഷിഖിനെ ഇറാഖിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ അങ്ങോട്ട് പോകാൻ യുവാവ് തയ്യാറായില്ല. തുടർന്ന് കശ്മീരിൽ പോയി ഇന്ത്യയ്ക്കെതിരെ പോരാടാൻ ആവശ്യപ്പെട്ടു. ഇതിനായി തയ്യാറെടുക്കുന്നതിനിടെയാണ് ഇന്റലിജൻസ് ബ്യൂറോ പിടികൂടിയത്.
ഐഎസുമായി ഇയാൾ നടത്തിയ ചാറ്റുകളും കോളുകളും എൻഐഎ കണ്ടെടുത്തിട്ടുണ്ട്. ഒൻപതാം ക്ലാസുകാരനായ ആഷിഖ് ഉർദു, ഇംഗ്ലീഷ് എന്നീ ഭാഷകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യും. തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അക്തർ ഹുസൈൻ എന്നയാളെ കഴിഞ്ഞമാസം ബംഗളൂരുവിൽവെച്ച് കർണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് സേലത്തുള്ള രണ്ട് പേരുമായി ബന്ധമുണ്ടെന്നും കണ്ടെത്തി. ഇതാണ് അന്വേഷണ സംഘത്തെ ആഷിഖിലേക്ക് എത്തിച്ചത്.
Comments