ഇസ്ലാമാബാദ്: ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതിന് ഭർത്താവ് പോലീസ് ഉദ്യോഗസ്ഥന്റെ മൂക്കും ചെവികളും ചുണ്ടും അറുത്തുമാറ്റി. പാക്കിസ്താനിലെ ഝാങിലാണ് സംഭവം നടന്നത്. കോൺസ്റ്റബിൾ ഖാസിം ഹയാത്തിന്റെയാണ് മൂക്കും ചെവിയും ചുണ്ടും മുറിച്ചുമാറ്റിയത്. മുഹമ്മദ് ഇഫ്തിഖർ എന്ന വ്യക്തിയാണ് പ്രതിയെന്നു ഇയാളോടൊപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ പോലീസ് വ്യക്തമാക്കി.
കോൺസ്റ്റബിൾ ഖാസിം വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ പ്രതിയായ മുഹമ്മദ് ഇഫ്തിഖർ തട്ടികൊണ്ട് പോകുകയായിരുന്നു. യാത്രാമദ്ധ്യേ പോലീസ് ഉദ്യോഗസ്ഥനെ പ്രതികൾ ക്രൂരമായി മർദ്ദിച്ച ശേഷം കത്തി ഉപയോഗിച്ച് അദ്ദേഹത്തിന്റെ മൂക്കും ചെവികളും ചുണ്ടും അറത്തു മാറ്റുകയായിരുന്നു. 2 പേരുടെ സഹായത്തോടെയാണ് ഇഫ്തിഖർ ഇത് ചെയ്തതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ മാസം കോൺസ്റ്റബിൾ ഖാസിം ഹയാത്തിനെതിരെ ഇഫ്തിഖർ പരാതി നൽകിയിരുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തന്റെ ഭാര്യയെ ഭീക്ഷണിപ്പെടുത്തി ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയെന്നായിരുന്നു ഇഫ്തിഖർ നൽകിയ പരാതി. ഇഫ്തിഖറിനേയും കൂട്ടാളികളേയും കണ്ടെത്താൻ പോലീസ് തിരച്ചിൽ നടത്തിവരികയാണ്.
Comments