കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ സ്വർണ്ണ വേട്ട. ഇന്നലെ രാത്രി കസ്റ്റംസ് കൊച്ചി, കോഴിക്കോട്, കരിപ്പൂർ വിഭാഗങ്ങളുടെ സംയുക്ത ഓപ്പറേഷനാണ് നടന്നത്. 11 കിലോ സ്വർണമാണ് പിടിച്ചെടുത്തത്.
മിഷൻ ടോർനാഡോ എന്ന പേരിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിൽ ആറ് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. വിവിധ വിമാനങ്ങളിൽ ഇറങ്ങിയ 10 യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
കരിപ്പൂർ വിമാനത്താവളത്തിലൂടെ അടുത്തിടെയായി സ്വർണക്കടത്ത് വർദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് വിഭാഗം പ്രത്യേക ഓപ്പറേഷൻ നടത്തിയത്. സമീപകാലത്ത് കരിപ്പൂരിൽ നടന്ന ഏറ്റവും വലിയ സ്വർണവേട്ടയാണ് ഇത്.
അതേസമയം നെടുമ്പാശേരിയിൽ ഇന്ന് വൻ സ്വർണവേട്ട നടന്നു. ഒരു കിലോയ്ക്കടുത്തു വരുന്ന സ്വർണം പന്തുപോലെ ഉരുളകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ മലപ്പുറം സ്വദേശികൾ പിടിയിലായി. മലേഷ്യയിൽ നിന്നുള്ള വിമാനത്തിലാണ് ഇവർ സ്വർണം കൊണ്ടുവന്നത്.
Comments