കണ്ണൂർ: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം. നെടുമ്പ്രംചാലിൽ ഉരുൾപൊട്ടി കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കലിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. കൂട്ടിക്കൽ സ്വദേശി റിയാസ് ആണ് മരിച്ചത്. കൂട്ടിക്കൽ ചപ്പാത്ത് പാലത്തിന് സമീപത്ത് നിന്നായാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ടൗണിന് സമീപം റിയാസ് ഒഴുക്കിൽ പെട്ടത്. നാട്ടുകാർ റോഡിലൂടെ പിന്നാലെ ഓടിയെങ്കിലും റിയാസിനെ രക്ഷപെടുത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് പുല്ലുകയാറ്റിലും വിവിധ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് റിയാസിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്.
നിടുംപുറംചാലിൽ കൊളക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് നദീറയുടെ മകൾ രണ്ടര വയസ്സുകാരി നുമ തസ്ലിന്റെ മൃതദേഹവും ഇന്ന് കണ്ടെത്തി. എൻഡിആർഎഫ് സംഘങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിന്റെ ഇരമ്പൽ കേട്ട് വീടിന് പിൻഭാഗത്തേക്ക് വന്ന നദീറയും കുഞ്ഞും ഒഴുക്കിൽ പെടുകയായിരുന്നു. നദീറയേയും സമീപത്തെ മറ്റൊരു കുടുംബത്തേയും അഗ്നിരക്ഷാസേന രക്ഷപെടുത്തിയിരുന്നു.
കനത്ത മഴയെ തുടർന്ന് തൃശൂർ ചാലക്കുടി പുഴയിലുൾപ്പെടെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പുഴയുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ മാറി താമസിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. പമ്പ, അച്ചൻകോവിൽ, മണിമല നദികളും കര തൊട്ടൊഴുകുകയാണ്. മൂവാറ്റുപുഴ ആറിലും പെരിയാറിന്റെ കാലടി തീരത്തും ജലനിരപ്പ് ഉയരുന്നുണ്ട്. നെല്ലിയാമ്പതിയിലെ കനത്ത മഴയിൽ നൂറടി പുഴയിൽ ജലനിരപ്പ് ഉയർന്നു.
Comments