ന്യൂഡൽഹി: ബിർമിംഗ്ഹാമിലെ ആവേശ തിരയിളക്കത്തിൽ നാലാം ദിനം ഒമ്പതാം മെഡൽ കരസ്ഥമാക്കിയതോടെ മെഡൽ പട്ടികയിൽ ആറാം സ്ഥാനത്ത് തുടർന്ന് ഇന്ത്യ. വിജയ് കുമാർ യാദവ് വെങ്കലവും സുശീലാ ദേവി വെള്ളിയും നേടി.ഭാരോദ്വഹന താരം ഹർജീന്ദർ കൗർ വെങ്കലം നേടിയതോടെ ഇന്ത്യയുടെ ഒമ്പതാം മെഡൽ നേട്ടം.നൈജീരിയയുടെ ജോയ് ഈസിനെ പരാജയപ്പെടുത്തിയാണ് ഹർജീന്ദർ മെഡൽ ഉറപ്പിച്ചത്.
ഇതു വരെ ആകെ 3 സ്വണ്ണം, 3 വെള്ളി, 3 വെങ്കലം എന്നിങ്ങനെയാണ് മെഡൽ നില. വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു, പുരുഷന്മാരുടെ 67 കിലോ ഭാരോദ്വഹനത്തിൽ ജെറമി ലാൽറിന്നുങ്ക, 73 കിലോ ഭാരോദ്വഹനത്തിൽ അചിന്ത ഷീലി എന്നിവരാണ് ഇന്ത്യയ്‌ക്കായി സ്വർണ്ണം നേട്ടം സ്വന്തമാക്കിയത്. വനിതകളുടെ 55 കിലോ ഭാരോദ്വഹനത്തിൽ ബിന്ദ്യറാണി ദേവി, പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ സങ്കേത് സർഗർ,വനിതകളുടെ 48 കിലോ ജൂഡോയിൽ ശുശീല ലിക്മാബാം എന്നിവർ വെള്ളിയും പുരുഷന്മാരുടെ 60 കിലോഗ്രാം ജൂഡോയിൽ വിജയകുമാർ യാദവ്,വനിതകളുടെ 71 കിലോ ഭാരോദ്വഹനത്തിൽ ഹർ ജിന്ദേർ കൗർ, പുരുഷന്മാരുടെ 61 കിലോ ഭാരോദ്വഹനത്തിൽ ഗുരുരാജ പൂജാരിയും ഇന്ത്യയ്‌ക്കായി മെഡൽ നേടി.
അത്ലറ്റിക്സ്, ബാഡ്മിന്റൺ, സൈക്ലിംഗ്, ബോക്സിംഗ്, ഹോക്കി, ജൂഡോ, സ്‌ക്വാഷ്, നീന്തൽ, ടേബിൾ ടെന്നീസ്, ട്രയാത്ത്ലൺ, ഭാരോദ്വഹനം, ക്രിക്കറ്റ് തുടങ്ങി 15 വ്യത്യസ്ത കായിക ഇനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള 215 ഓളം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്.
2018 ലെ കോമൺവെൽത്ത് ഗെയിംസിൽ കരസ്ഥമാക്കിയ മെഡലുകളെക്കാൾ കൂടുതൽ ഇത്തവണ ഇന്ത്യ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. 26 സ്വർണവും 20 വെള്ളിയും 20 വെങ്കലവുമടക്കം 66 മെഡലുകളുമായാണ് ഇന്ത്യ ക്യാമ്പെയിൻ പൂർത്തിയാക്കിയത്.
Comments