ജമ്മു: ജമ്മുവിലെ അതിർത്തി മേഖലയിൽ പറന്ന അജ്ഞാത വസ്തു വെടിവെച്ചിട്ട് അതിർത്തി രക്ഷാസേന. അന്താരാഷ്‌ട്ര അതിർത്തിയിൽ രാത്രി 9.31-ഓടെയാണ് അജ്ഞാത വസ്തു മിന്നുന്നതായി ശ്രദ്ധയിൽ പെട്ടതെന്ന് ബിഎസ്എഫ് വ്യക്തമാക്കി. പ്രദേശത്ത് സുരക്ഷാ സേനയുടെ തിരച്ചിൽ ശക്തമാക്കി. അതിർത്തിവഴി ആയുധക്കടത്തിന് ഉൾപ്പെടെ ഭീകരസംഘടനകൾ ഡ്രോൺ ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇത്തരം നീക്കമാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
പാകിസ്താൻ അതിർത്തിയിൽ ഇതിന് മുൻപും ഡ്രോണുകൾ പറക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ജൂലൈ 26,27 തിയതികളിൽ രാജസ്ഥാനിലെ അതിർത്തി മേഖലയിൽ ഡ്രോണുകൾ പറക്കുന്നതായി കണ്ടെത്തിയിരുന്നു. ജൂലൈ 22 ന് ജമ്മുവിലെ അതിർത്തി പ്രദേശത്ത് കണ്ട ഡ്രോണിനു നേരെ നിരവധി തവണ വെടിയുതിർത്തിരുന്നു. മുൻ രാഷ്‌ട്രപതി റാം നാഥ് കോവിന്ദിന്റെ ജമ്മു സന്ദർശനത്തിന് മുന്നോടിയായി അതിർത്തിയിൽ കണ്ട ഡ്രോണിനു നേരെ സുരക്ഷ സേന തുടർച്ചയായി വെടിയുതിർത്തതിന് ശേഷമാണ് പിൻവാങ്ങിയത്. വെടിവെച്ചിട്ട ഡ്രോണുകളിൽ നിന്നും സ്‌ഫോടക വസ്തുക്കളും അതിർത്തി സുരക്ഷാ സേന കണ്ടെടുത്തിരുന്നു. പഞ്ചാബിലെ അതിർത്തി മേഖലയിൽ കണ്ട പാകിസ്താൻ ഡ്രോണിനു നേരെ 46 തവണ വെടിയുതിർത്തതിനു ശേഷമാണ് തിരികെ പോയതെന്ന് സേന ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാകിസ്താൻ ഡ്രോണുകൾ ഇന്ത്യൻ അതിർത്തിയിലെത്തുന്നത് പതിവാണ്.
ഇതിന് പുറമെ പാകിസ്താൻ പൗരവന്മാരും അനധികൃതമായി അതിർത്തി കടന്നെത്തുന്നു.അതിർത്തി കടന്നെത്തിയ പാകിസ്താൻ പൗരനെ രാജസ്ഥാനിൽ നിന്നും ജൂലൈ 19 ന് പിടികൂടിയിരുന്നു.പാകിസ്താൻ തീവ്ര വാദ സംഘടനയായ തെഹരീഖ് -ഇ- ലബ്ബായിലെ അംഗമായ റിസ്‌വാൻ എന്ന ആളെയാണ് പിടികൂടിയത്. ഭീകരൻ ഇന്ത്യൻ അതിർത്തി കടന്നെത്തിയത് ബിജെപി വക്താവായിരുന്ന നുപൂർ ശർമയെ വധിക്കാനാണെന്ന് രഹസ്യ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
Comments