തിരുവനന്തപുരം: സംസ്ഥാനത്ത് കലാവർഷക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശം നൽകി. കാലവർഷക്കെടുതികളെ സധൈര്യം മറികടന്ന അനുഭവമുള്ള ജനതയാണ് കേരളത്തിലേത്. അന്നതിന് സാധിച്ചത് സർക്കാരും ജനങ്ങളും ഒത്തൊരുമയോടെ പ്രവർത്തിച്ചതു കൊണ്ടാണ്. ആ അനുഭവങ്ങൾ അറിവുകളാക്കി ഇപ്പോൾ ഉയരുന്ന ആശങ്കകളേയും മറികടക്കാൻ സാധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് സർക്കാർ നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
കേരളത്തിൽ അടുത്ത 3 ദിവസത്തേക്ക് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഗൗരവത്തോടെ കാണണം. തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ എന്നീ ദുരന്ത സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പും സംസ്ഥാനത്ത് ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പമ്പ(മാടമൺ) നെയ്യാർ(അരുവിപ്പുറം), മണിമല(പുലകയർ), മണിമല(കല്ലൂപ്പാറ) കരമന(വെള്ളകടവ് ) എന്നീ നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിലാണ്. അച്ചൻകോവിൽ(തുമ്പമൺ), കാളിയാർ(കലമ്പുർ, തൊടുപുഴ(മണക്കാട്), മീനച്ചിൽ(കിടങ്ങൂർ) എന്നീ നദികളിലും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. അതിനാൽ നദികളുടെ കരകളിലുള്ള ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകുകയും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികളും ചെയ്തു വരുന്നുണ്ടെന്നും മുഖ്യമന്ത്രിവ്യക്തമാക്കി. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിക്കേണ്ടതുണ്ട്. മാറിത്താമസിക്കാൻ ജനങ്ങൾ വിമുഖത കാണിക്കരുതെന്നും അധികൃതരുടെ നിർദ്ദേശം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Comments