ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു. ഡൽഹിയിൽ താമസിക്കുന്ന നൈജീരിയക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ സ്ഥിരീകരിച്ച മൂന്നാമത്തെ കേസാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം ഒമ്പതായി.
കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ രണ്ടാമത്തെ രോഗബാധ സ്ഥിരീകരിച്ചത്. മുപ്പത്തിയഞ്ചുകാരനായ നൈജീരിയൻ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇയാൾ അടുത്തിടെ വിദേശയാത്ര ഒന്നും തന്നെ നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിൽ ഇന്ന് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു.മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. മുപ്പതുകാരനായ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ജൂലൈ 27ന് യുഎ.ഇയിൽ നിന്നാണ് ഇദ്ദേഹം കോഴിക്കോട് എയർപോർട്ടിൽ എത്തിയത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി.
രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വാക്സിൻ നിർമ്മാണത്തിനായുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ മങ്കിപോക്സിനെതിരെ കേന്ദ്ര ഗവൺമെന്റ് ദൗത്യ സേനയെ രൂപികരിച്ചു. ഡോ.വി.കെ.പോളിന്റെയും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെയും നേതൃത്വത്തിലാണ് ദൗത്യസേന രൂപികരിച്ചത്. രോഗനിർണയത്തിനും വാക്സിൻ നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനുമാണ് ദൗത്യ സേന രൂപികരിച്ചതെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
Comments