ചെന്നൈ :പാമ്പ് കടിയേറ്റ 12 കാരനെ തോളിലേറ്റി കുടുംബം നടന്നത് മൂന്ന് കിലോമീറ്റർ. തമിഴ്നാട്ടിലെ അംബൂരിന് സമീപം തിരുപ്പത്തൂരിലാണ് സംഭവം. റോഡ് ഇല്ലാത്തത് മൂലം കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വേണ്ടിയാണ് തോളിലെടുത്തുകൊണ്ട് നടന്നത്. എന്നാൽ ചികിത്സ വൈകിയതോടെ കുട്ടി മരിച്ചു.
കത്തവളത്തെ കനവൈ മേഡു കുട്ടൈ എന്ന സ്ഥലത്ത് 50 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടെ വീടിന് സമീപത്ത് കളിക്കുന്നതിനിടെ 12 കാരന് പാമ്പ് കടിയേറ്റു. തുടർന്ന് കുട്ടിയെ എടുത്തുകൊണ്ട് നാട്ടുകാർ മൂന്ന് കിലോമീറ്റർ നടന്ന് അംബൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.
ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ നൽകണമെന്നാണ് പറഞ്ഞത്. 12 കാരനെ ഉടൻ തന്നെ വെല്ലൂർ ആശുപത്രിയിലേക്ക് മാറ്റാനും നിർദ്ദേശിച്ചു. വെല്ലൂർ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. ചികിത്സ വൈകിച്ചതാണ് മരണകാരണം എന്ന ആരോപണങ്ങളാണ് ഉയരുന്നത്.
ആംബുലൻസിൽ കത്തവളത്ത് എത്തിച്ച കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് വടിയിൽ കെട്ടിയാണ് അന്ത്യകർമ്മങ്ങൾക്കായി സ്വന്തം നാട്ടിലെത്തിച്ചത്.
Comments