തിരുവനന്തപുരം ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ചാം തീയതി വരെ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ സാഹചര്യത്തിൽ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പല ജില്ലകളിലും ഇതിനോടകം മഴ കുറഞ്ഞുവരുന്നുണ്ടെങ്കിലും പുഴകളിലെ ജലനിരപ്പ് കുറഞ്ഞിട്ടില്ല. 7 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായ ഉരുൾപൊട്ടലിനും മലവെളളപ്പാച്ചിലിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഉരുൾ പൊട്ടലിലും വെള്ളപ്പൊക്കത്തിലുമായി സംസ്ഥാനത്ത് 13 പേർ മരിച്ചു. ചൊവ്വാഴ്ച മാത്രം ആറ് പേരാണ് മരിച്ചത്. സംസ്ഥാനത്ത് ഒട്ടാകെ 95 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. 2291 പേരെ വീടുകളിൽ നിന്ന് ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. 9 ജില്ലകളിൽ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം ആരംഭിച്ചു.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നാണ് നിർദ്ദേശം. തീരങ്ങളിലും ജാഗ്രതാ നിർദ്ദേശം തുടരുന്നുണ്ട്. തെക്ക് കിഴക്കൻ, മദ്ധ്യ കിഴക്കൻ അറബിക്കടൽ, ആന്ധ്രാ പ്രദേശ് തീരം, മദ്ധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്. കടൽക്ഷോഭം രൂക്ഷമാകാനും സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കാനാണ് നിർദ്ദേശം.
Comments