ശബരിമല: നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. ഇന്ന് വൈകിട്ടാണ് ക്ഷേത്രനട തുറക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നീലിമല പാതയിലൂടെ ക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. അതേസമയം ശബരിമലയിൽ കഴിഞ്ഞ ഏതാനും മണിക്കൂറായി മഴ കുറഞ്ഞു നിൽക്കുന്നുണ്ടെന്നാണ് വിവരം. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തീർത്ഥാടകർക്ക് പമ്പയിൽ സ്നാനം ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പ അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. അതേസമയം ശബരിമല ശ്രീകോവിലിന്റെ ചോർച്ച സംബന്ധിച്ച പരിശോധനയും ഇന്ന് സന്നിധാനത്ത് നടക്കും. രാവിലെ 8.30നാണ് പരിശോധന.
ശബരിമല സ്പെഷ്യൽ കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം വിജിലൻസ്, ക്ഷേത്രം തന്ത്രി, തിരുവാഭരണം കമ്മീഷണർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പരിശോധന. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിലേക്കാണ് മഴ പെയ്യുമ്പോൾ വെള്ളം വീഴുന്നത്. ക്ഷേത്രത്തിന്റെ മേൽക്കൂര പൊളിച്ച് പരിശോധിച്ചാൽ മാത്രമേ ചോർച്ചയുടെ തീവ്രത മനസിലാവുകയുള്ളു എന്നാണ് വിവരം.
Comments