തായ്പോയ് : അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിക്ക് നന്ദി പറഞ്ഞ് തായ്വാൻ പ്രസിഡന്റ് സായ് ഇംഗ് വെൻ. അടിയന്തര ഘട്ടത്തിൽ തായ്വാന് യു എസും പെലോസിയും നൽകിയ പിന്തുണയ്ക്കാണ് സായ് ഇംഗ് വെൻ നന്ദി അറിയിച്ചത്. പെലോസിയുടെ ദ്വീപ് സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് ബുധനാഴ്ച തായ്പേയിൽ ഇരുവരും കൂടികാഴ്ച നടത്തിയത്.
ചൈനയുടെ കടുത്ത മുന്നറിയിപ്പ് നിലനിൽക്കവേയാണ് പെലോസി തായ് വാനിൽ സന്ദർശനം നടത്തിയത്. തായ്വാന്റെ സമുദ്ര മേഖലകളിൽ ചൈന യുദ്ധവിമാനങ്ങൾ പറത്തുകയും പ്രകോപനം ഉണ്ടാക്കുകയും ചെയ്തിരുന്നു. കൂടാതെ യുഎസ് അംബാസഡറെ വിളിച്ച് അവരുടെ എതിർപ്പും ചൈന അറിയിച്ചിരുന്നു.
‘പെലോസിക്ക് തായ്വാനിലുള്ള സുഹൃത്തുക്കളിൽ ഒരാളാണ് താൻ. അന്താരാഷ്ട്ര മേഖലയിൽ പെലോസി നൽകുന്ന പിന്തുണയ്ക്ക് നന്ദിയുണ്ട്.തായ്വാൻ അമേരിക്കയുടെ വിശ്വസ്ത പങ്കാളിയാണ്. സുരക്ഷ, സാമ്പത്തിക വികസനം, വിതരണ ശൃംഖല എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് യുഎസുമായി തുടർന്നും പ്രവർത്തിക്കും ‘ സായ് പറഞ്ഞു.
ചൈനീസ് മുന്നറിയിപ്പ് മറികടന്ന് ഏഷ്യാ സന്ദർശനത്തിന്റെ ഭാഗമായാണ് പെലോസി തായ്വാനിൽ സന്ദർശനത്തിന് എത്തിയത്. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് പെലോസി തായ്വാനിൽ വിമാനമിറങ്ങിയത്. 25 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു യു.എസ് ഉന്നത പദവിയിലിരിക്കുന്ന വ്യക്തി തായ്വാൻ സന്ദർശിക്കുന്നത്. സന്ദർശന വേളയിൽ തായ്വാനുമായി അമേരിക്കയ്ക്കുള്ളത് സുദൃഢമായ ബന്ധമാണെന്ന് പെലോസി വ്യക്തമാക്കിയിരുന്നു.
Comments