ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പീഡനം മൂലം പലായനം ചെയ്യുന്ന 30 സിഖുകാർ കൂടി ഇന്ന് ഇന്ത്യയിലെത്തും. സ്ത്രീകളും കുട്ടികളുമടക്കം സംഘത്തിലുണ്ട്. ഭരണം പിടിച്ചതിന് പിന്നാലെ മതന്യൂനപക്ഷങ്ങളോട് അഫ്ഗാനിൽ ക്രൂരമായ പീഡനങ്ങളാണ് താലിബാൻ നടത്തുന്നത്. ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് നേരത്തെ മുതൽ തന്നെ സിഖ് സംഘടനകൾ പരാതി ഉന്നയിച്ചിരുന്നു
ഇന്ത്യൻ വേൾഡ് ഫോറവും ഭാരത സർക്കരുമായി പരസ്പരം കൈകോർത്തു കൊണ്ടാണ് അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ ഒഴിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 32 അഫ്ഗാൻ ഹിന്ദുക്കളെയും,ഹിന്ദുക്കളെയും സിഖ് വിശ്വാസികളെയും ഇന്ത്യയിലേക്ക് കൊണ്ടു വന്നിരുന്നു. 2020 ൽ അഫ്‌ഗാനിസ്ഥാനിൽ 700 ഓളം ഹിന്ദുക്കളും സിഖുകാരും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം അവരിൽ വലിയൊരു ഭാഗവും രാജ്യം വിട്ടു.
അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ 110 ഹിന്ദുക്കളും സിഖുകാരും അവശേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവരെയും എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. അഫ്ഗാനിൽ നിന്നും തിരികെ വരുന്നവരുടെ വിമാനക്കൂലി CGPC (കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് സെൽ ) ഏറ്റെടുക്കും . ഇങ്ങനെ വരുന്നവർക്ക് വേണ്ടിയുള്ള പുനരധിവാസം വേൾഡ് പഞ്ചാബി ഓർഗനൈസേഷനും സോബ്തി ഫൗണ്ടേഷനും മറ്റ് സാമൂഹിക സംഘടനകളുംചേർന്നു ഏറ്റെടുക്കാൻ സാധ്യതയുണ്ട്.
അഫ്ഗാനിസ്ഥാനിൽ നിരന്തരം പീഡനത്തിന് ഇരയായ നിരവധി ന്യൂനപക്ഷങ്ങൾ ആശ്വാസത്തിന്റെ നിഴലിലാണ്. കഴിഞ്ഞ മാസം ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ കാബൂളിലെ ഗുരുദ്വാര ആക്രമിച്ച് 50 ഓളം പേരെ കൊലപ്പെടുത്തിയിരുന്നു. ഇതിനു മുൻപും സമാന സംഭവം സ്ഥലത്തുണ്ടായിട്ടുണ്ട്. 21 പേർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. അയൽ രാജ്യങ്ങളിൽ നിന്നും പലായനം ചെയ്തു വരുന്നവരെ സ്വീകരിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ വേഗത്തിലാക്കാൻ ഇന്ത്യ ഗവണ്മെന്റ് ഉത്തരവാദിത്തപ്പെട്ട വകുപ്പുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. കൊറോണയുടെ മൂന്നാം ഘട്ട വാക്സിനേഷൻ പൂർത്തിയായാൽ ഉടനെ CAA നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഈ തീരുമാനം അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷ സമൂഹത്തിനു ഏറെ ആശ്വാസകരമാണ്.
Comments