ന്യൂഡൽഹി: സർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികൾ ജനങ്ങൾ നിറവേറ്റിയാൽ 25 വർഷത്തിനുള്ളിൽ ഇന്ത്യ വിശ്വഗുരു ആകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . 2047 ഓടെ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുകയെന്ന ചരിത്ര ദൗത്യമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കാൻ രാജ്യത്തെ ജനങ്ങൾ സർക്കാർ ആവിഷ്കരിച്ച വികസന പദ്ധതിക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ ഇന്ത്യയുടെ ദേശീയ പതാക രൂപകൽപ്പന ചെയ്ത സ്വാതന്ത്ര്യ സമര സേനാനി പിംഗളി വെങ്കയ്യയുടെ146-മത് ജന്മദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർ ഘർ തിരംഗിന്റെ ഭാഗമായി രാജ്യത്തെ ഓരോ പൗരനും സ്വന്തം വീടുകളിൽ ആഗസ്ത് 13 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ത്രിവർണ്ണ പതാക ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആത്മാഭിമാനത്തെ ഉയർത്തുന്നതാണ് ഈ പരിപാടി. രാജ്യത്തിന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനും ഓരോ ആളുകളും ഉദ്യമത്തിൽ പങ്കു ചേരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ ഇടങ്ങളിലായി നിരവധി പരിപാടികളാണ് നടത്തുന്നത്. സന്നദ്ധ സംഘടനകൾ ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻ ജി ഒ തുടങ്ങി ഒട്ടനവധി ആളുകൾ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും കാത്ത് സൂക്ഷിക്കുകയും രാജ്യ പുരോഗതിക്കായി ഒറ്റക്കെട്ടായി നിൽക്കാനും അമിത് ഷാ നിർദ്ദേശിച്ചു. കൂടാതെ വെങ്കയ്യയുടെകുടുംബത്തെ ആദരിക്കുകയും അദ്ദേഹത്തിന്റെ സമരണാർത്ഥം പുറത്തിറക്കിയ സ്റ്റാമ്പും അമിത് ഷാ പ്രകാശനം ചെയ്തു.
Comments