തൃശൂർ: അറബിയുടെ സഹായം വാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയെടുക്കുന്നയാൾ പോലീസ് വലയിൽ. നിരവധി പേരെ കബളിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്ത അരീക്കോട് സ്വദേശി നടുവത്ത് ചാലിൽ വീട്ടിൽ അസൈനാർ എന്ന അറബി അസൈനാറാണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
പെരിന്തൽമണ്ണ സ്വദേശിനിയുടെ പരാതിയിലാണ് ഇയാൾ പിടിയിലായത്. ആഭരണങ്ങളും പണവും തട്ടിയെടുത്ത് മുങ്ങിയ അറബി അസൈനാറിനെ രണ്ടര വർഷത്തിന് ശേഷമാണ് പിടികൂടുന്നത്. തട്ടിപ്പ് നടത്തി മുങ്ങിയ ശേഷം മൊബൈൽ നമ്പറുകൾ മാറ്റിയുപയോഗിച്ചിരുന്ന പ്രതിയെ, മൊബൈൽ നമ്പർ സംഘടിപ്പിച്ച് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
പെരിന്തൽമണ്ണ നഗരസഭയിൽ വീടിന് അപേക്ഷ നൽകാൻ പരാതിക്കാരിയായ സുഹറ പോകുന്നത് ശ്രദ്ധയിൽപെട്ടതോടെ ഇവരെ കോട്ടക്കലിലെ അറബിയിൽനിന്ന് സഹായം വാങ്ങിച്ച് തരാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
സ്നേഹം നടിച്ച് അറബിയെ കാണിച്ച് തരാമെന്ന് അറിയിച്ച് വിളിച്ചുവരുത്തുകയും കൈവശം പണമോ ആഭരണങ്ങളോ ഉണ്ടെങ്കിൽ സഹായം ലഭിക്കില്ലെന്ന് ധരിപ്പിച്ച് കൈവശമുള്ള പണവും ധരിച്ചിരിക്കുന്ന ആഭരണങ്ങളും ഊരി വാങ്ങി കബളിപ്പിച്ച് കടന്നുകളയുകയാണ് ഇയാളുടെ രീതി. അറബി തൃശൂരിൽ യതീംഖാനയിലാണെന്നും അവിടെ കാണാമെന്നും അറിയിച്ച് മലപ്പുറം സ്വദേശിനിയെ തൃശൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിച്ച ശേഷം അവരുടെ കൈവശമുണ്ടായിരുന്ന 2,000 രൂപയും രണ്ടര പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും വാങ്ങിയ അസൈനാർ പള്ളിയിൽ നിസ്കരിച്ച് വരാമെന്ന് പറഞ്ഞ് കടന്നുകളയുകയായിരുന്നു.
Comments