ന്യൂഡൽഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് പോകുന്ന യുഎഇ പൗരൻമാർ ജാഗ്രത പാലിക്കണമെന്ന് ന്യൂഡൽഹിയിലെ യുഎഇ എംബസി നിർദേശം നൽകി. കേരളത്തിൽ പല മേഖലകളിലും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നും എംബസി ട്വീറ്റ് ചെയ്തു. ഭാരത സർക്കാർ പുറത്തുവിട്ട സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അടിയന്തിര സാഹചര്യമുണ്ടായാൽ എംബസിയുമായി ബന്ധപ്പെടണമെന്നും യുഎഇ വ്യക്തമാക്കി.
അതേസമയം മഴയുടെ തീവ്രത കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച റെഡ് അലർട്ടുകൾ പിൻവലിച്ചു. നിലവിൽ ഓറഞ്ച് അലർട്ടാണ് നിലനിൽക്കുന്നത്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാന വ്യാപകമായി ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ ഉണ്ട്. ഈ സാഹചര്യത്തിലാണ് എംബസിയുടെ മുന്നറിയിപ്പ്.
Comments