തൃശൂർ: തൃശൂർ ജില്ലയിലെ ചേറ്റുവയിൽ ബോട്ട് അപകടത്തിൽപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. രണ്ടുപേരുടെയും മൃതദേഹം കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ തരച്ചിലിൽ കണ്ടെത്തിയിരുന്നു. എന്നാൽ ശക്തമായ തിരയിൽ അകന്നുപോയി.
രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുല്ലൂർ വിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരാണ് അപകടത്തിൽ മരിച്ചത്. കണ്ടെത്തിയ സ്ഥലത്തുനിന്ന് മൃതദേഹങ്ങൾ നീങ്ങിയതായാണ് വിവരം. ശക്തമായ തിരയിൽപ്പെട്ടാണ് മൃതദേഹം നീങ്ങിയത്.
ഇതേതുടർന്ന് മൃതദേഹം കരയ്‌ക്കെത്തിക്കാൻ പുറപ്പെട്ട കോസ്റ്റൽ പോലീസ് ബോട്ട് തിരിച്ച് വന്നു. മൃതദേഹം കണ്ടെത്തുന്നതിനായി മേഖലയിൽ കോസ്റ്റ് ഗാർഡിന്റെ കപ്പൽ വീണ്ടും തിരച്ചിൽ നടത്തുകയാണ്.
മീൻപിടിത്തം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബോട്ട് തിങ്കളാഴ്ച വൈകിട്ട് ആറിനാണ് തിരയിൽപ്പെട്ട് മറിഞ്ഞത്. ആറ് തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബാക്കി നാല് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു. തകർന്ന ബോട്ട് കഴിഞ്ഞ ദിവസം കരയ്‌ക്കടിഞ്ഞിരുന്നു. ചേറ്റുവ ഹാർബറിൽ നിന്ന് നാല് ദിവസം മുമ്പാണ് ഇവർ മീൻ പിടിക്കാനായി പോയത്.
Comments