ബെയ്ജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ(സിസിപി) ഔദ്യോഗിക വെബ്സൈറ്റ് ‘അനോണിമസ്’ എന്ന സൈബർ ഹാക്കിംഗ് ഗ്രൂപ്പ് ഹാക്ക് ചെയ്തു. ഓഗസ്റ്റ് 3 നാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാൻ സന്ദർശനത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് പാർട്ടിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. സൈറ്റിൽ പെലോസിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്ത് കുറിപ്പും പ്രത്യക്ഷപ്പെട്ടു. ചൈനയിലെ “ഹൈലോംഗ്ജിയാങ് സൊസൈറ്റി സയന്റിഫിക് കമ്മ്യൂണിറ്റി ഫെഡറേഷൻ” എന്ന വെബ്സൈറ്റാണ് ‘അനോണിമസ്’ എന്ന സൈബർ ഹാക്കിംഗ് ഗ്രൂപ്പ് ഹാക്ക് ചെയ്തതായി റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.
വെബ്സൈറ്റ് ഹാക്ക് ചെയ്ത ശേഷം, “തായ്വാൻ നുംബ വാൻ” എന്ന് കുറിച്ചു കൊണ്ട് തായ്വാൻ പതാകയും ചിഹ്നവും പെലോസിയുടെയും തായ്വാൻ പ്രസിഡന്റ് സായ് ഇംഗ് വെനിന്റെയും ചിത്രങ്ങളും പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാന്‍സി പെലോസിയുടെ തായ്വാന് സന്ദര്‍ശനത്തിന് അമേരിക്ക വലിയ വില നല്‍കേണ്ടിവരുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. തുടർന്ന് ചൈനീസ് അതോറിറ്റി വെബ്സൈറ്റ് പിൻവലിച്ചു.
കഴിഞ്ഞ മെയ് മാസത്തിലും അനോണിമസ് ചൈനീസ് സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തിരുന്നു. “തായ്വാനെതിരെ മണ്ടത്തരമായി ഒന്നിനും ശ്രമിക്കരുത്” എന്നായിരുന്നു അന്ന് ഹാക്ക് ചെയ്ത് വെബ്സൈറ്റിൽ അനോണിമസ് കുറിച്ചിരുന്നത്. ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്റെ’ ചെംഗ്ഡു പിഡു ജില്ലാ കമ്മിറ്റിയുടെ വെബ്സൈറ്റായിരുന്നു മെയ് 2-ന് ഹാക്ക് ചെയ്യപ്പെട്ടിരുന്നത്.
Comments