തിരുവനന്തപുരം: പ്രമേഹ ബാധിതയായ നന്ദനയ്‌ക്ക് നടനും മുൻ ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ കാരുണ്യസ്പർശം. നന്ദനയ്‌ക്ക് സുരേഷ് ഗോപി ഇൻസുലിൻ പമ്പ് കൈമാറി. തിരുവനന്തപുരം ജ്യോതിദേവ് ഡയബറ്റിക് ആശുപത്രിയിൽ എത്തിയാണ് അദ്ദേഹം പമ്പ് കൈമാറിയത്. ഭാര്യ രാധികയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് ടൈപ്പ് വൺ പ്രമേഹത്താൽ ദുരിതം അനുഭവിക്കുന്ന നന്ദനയുടെ വാർത്ത സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നന്ദന ചികിത്സ തേടുന്ന ജ്യോതിദേവ് ഡയബറ്റിക് ആശുപത്രി ചെയർമാൻ ജ്യോതിദേവ് കേശവുമായി ബന്ധപ്പെട്ട് വേണ്ട ഇടപെടൽ നടത്തുകയായിരുന്നു. ഒൻപതാം വയസ്സിലാണ് നന്ദനയ്‌ക്ക് പ്രമേഹം സ്ഥിരീകരിച്ചത്. ഇൻസുലിൻ പമ്പിലൂടെ നന്ദനയ്‌ക്കും കുടുംബത്തിനും വലിയ ആശ്വാസമായിരിക്കുകയാണ് സുരേഷ് ഗോപി.
ഉപകരണ കൈമാറ്റം തുടക്കം മാത്രമാണെന്നും, ഇത്തരം കുഞ്ഞുങ്ങൾക്കായി നാട് ഒന്നിക്കണമെന്നും ഇൻസുലിൻ പമ്പ് കൈമാറിയതിന് പിന്നാലെ സുരേഷ് ഗോപി പറഞ്ഞു. ഇത്തരം കുട്ടികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രവുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമേഹം ബാധിച്ച കുട്ടികളുടെ വേദന അമ്മമാർ സുരേഷ് ഗോപിയുമായി പങ്കുവെച്ചു.
Comments