തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂർ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂൾ, പ്രൊഫഷണൽ കോളേജ്, അംഗനവാടി ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും ഇടുക്കിയിലും പത്തനംതിട്ടയിലും മാറ്റമുണ്ടാകില്ല. തൃശൂരിൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. എംജി സർവ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ചാലക്കുടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. കാസർകോട് വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗനവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments